ആന്റിഗ്വ: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇന്ന് നടക്കാനിരിക്കെ ഇരു ടീമുകൾക്കും ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയാണ് ബംഗ്ലാദേശെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് മുൻഗണന നൽകുന്നുവെന്നും മോദി പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടിന് ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ് സ്റ്റേഡിയത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുക.

'ലോകകപ്പിൽ ഇന്ന് മത്സരിക്കുന്ന ഇരുടീമുകൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഞങ്ങൾ മുൻഗണന നൽകുന്നു'-ന്യൂഡൽഹിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മോദി പറഞ്ഞു.

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെതിരേ ജയിച്ച ഇന്ത്യ, ഇന്ന് ബംഗ്ലാദേശിനെയും തകർത്ത് സെമി ഫൈനൽ സാധ്യത സജീവമാക്കാനായിരിക്കും ശ്രമിക്കുക. ടി20 മത്സരങ്ങളിൽ ഇരുരാജ്യങ്ങളും ഇതുവരെ 13 തവണ ഏറ്റുമുട്ടിയപ്പോൾ 12 തവണയും ഇന്ത്യക്കായിരുന്നു ജയം.