ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ കരുണാപുരത്ത് 54 പേർ മരിച്ച വ്യാജമദ്യ ദുരന്തത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി തമിഴ് സൂപ്പർതാരം സൂര്യ. സംസ്ഥാനത്തു മദ്യാസക്തി തുടരുന്നതിൽ ഇതുവരെയുള്ള സർക്കാരുകളെ പഴി ചാരിയ സൂര്യ, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ദീർഘകാലപദ്ധതികൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

സമൂഹ മാധ്യമത്തിലെഴുതിയ തുറന്ന കത്തിലാണ് താരത്തിന്റെ പ്രതികരണം. ചുഴലിക്കാറ്റിലോ മഴക്കെടുതിയിലോ പ്രളയത്തിലോ പോലും ഇത്രയും മരണങ്ങൾ സങ്കൽപിക്കാനാവില്ലെന്നും ദുരന്തബാധിതരുടെ നിലവിളി നട്ടെല്ലിനെ മരവിപ്പിക്കുന്നുവെന്നും കത്തിൽ പറയുന്നു.

"വിഷമദ്യം മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ സങ്കടത്തെ എങ്ങനെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനാവും? വില്ലുപുരത്ത് കഴിഞ്ഞ വർഷം 22 പേർ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. അന്ന് നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചതെങ്കിലും ഇന്നും അതേ കാരണത്താൽ മരണങ്ങൾ ആവർത്തിക്കുന്നു. ഒരു മാറ്റവുമില്ലാതെ ഇതാവർത്തിക്കുന്നതിൽ ദുഃഖമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മാറി മാറി വരുന്ന സർക്കാരുകൾ ജീവിതനിലവാരം ഉയർത്തുമെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളെ വിശ്വസിപ്പിച്ചു.

എന്നാൽ സർക്കാർ നടത്തുന്ന മദ്യഷാപ്പുകൾ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ മദ്യനിരോധന പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസാനിപ്പിക്കും. മദ്യദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിന്റെ അടിയന്തര നടപടികൾ ആശ്വാസകരമാണ്. പക്ഷേ ദീർഘകാലമായുള്ള ഒരു പ്രശ്‌നത്തിന് പതിവു ഹ്രസ്വകാല നടപടികൾ ശാശ്വതമായ പരിഹാരമല്ല." സർക്കാരും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കണമെന്നും സൂര്യ പറഞ്ഞു.