ന്യൂഡൽഹി: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറോട് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ട പൊലീസുകാരനെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചു. ഹരിയാണയിലെ ഫരീദാബാദിൽ ബല്ലാഭ്ഗഡ് ബസ് സ്റ്റോപ്പ് പരിസരത്തായിരുന്നു സംഭവം നടന്നത്. ആളെ കയറ്റാൻ റോഡിന് നടുവിൽ കാർ നിർത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതോടയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം.

ട്രാഫിക് സബ് ഇൻസ്പെക്ടർ ഡ്രൈവറെ സമീപിച്ച് വാഹനത്തിന്റെ രേഖകൾ ചോദിക്കുകയും പിഴ അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രേഖകൾ പരിശോധിക്കുന്നതിനിടയിൽ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഡ്രൈവറുടെ വാതിലിലൂടെ ഉള്ളിലേക്ക് ചാരി നിന്ന ഉദ്യോഗസ്ഥനെ ഏതാനും മീറ്ററോളം വലിച്ചിഴച്ചു. നാട്ടുകാരും മറ്റ് ട്രാഫിക് ഉദ്യോഗസ്ഥരും ചേർന്ന് വാഹനം വളഞ്ഞ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തുകയായിരുന്നു. ഡ്രൈവർ അമിതവേഗതയിൽ കാർ ഓടിക്കുന്നതിന്റെയും ഉദ്യോഗസ്ഥനെ വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങൾ ദേശീയമാധ്യമങ്ങളടക്കം പങ്കുവച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.