ബെംഗളൂരു: ജനതാദൾ എസ് മുൻ എംപി പ്രജ്വൽ രേവണ്ണ ലൈംഗിക അതിക്രമ കേസിൽ നടപടി നേരിടുന്നതിനിടെ സഹോദരൻ സൂരജ് രേവണ്ണയ്‌ക്കെതിരെയും ലൈംഗികാരോപണ പരാതിയിൽ അന്വേഷണം. ജനതാദൾ പാർട്ടി പ്രവർത്തകനാണ് ജോലി വാഗ്ദാനം ചെയ്ത് സൂരജ് പീഡിപ്പിച്ചതായി പരാതി നൽകിയത്. എന്നാൽ ഇയാളും കുടുംബവും ചേർന്ന് പണം തട്ടിയെടുക്കാനായി ഭീഷണിപ്പെടുത്തുന്നതായി സൂരജ് രേവണ്ണയും പരാതിപ്പെട്ടു.

"പരാതിക്കാരൻ സൂരജ് രേവണ്ണയുടെ സ്ഥാപനമായ 'സൂരജ് രേവണ്ണ ബ്രിഗേഡി'ലെ ജോലിക്കാരനാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇയാൾ സൂരജിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൂരജ് അതു നൽകാൻ തയാറായില്ല. പിന്നാലെ ഇയാളെ സൂരജ് പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി 5 കോടി ആവശ്യപ്പെട്ടു. പിന്നീടത് 2 കോടി രൂപയാക്കി" എന്നാണ് സൂരജ് രേവണ്ണയ്ക്കു വേണ്ടി സന്തതസഹചാരി ശിവകുമാർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. അപായപ്പെടുത്തൽ, ഭീഷണി, ഗൂഢാലോചന എന്നീ വകുപ്പുകളിൽ പൊലീസ് കേസെടുത്തു.

ജൂൺ 16ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സൂരജിനെതിരായ പരാതിയിൽ പറയുന്നത്. സംഭവം പുറത്തറിയാതിരിക്കാൻ രേവണ്ണയുടെ ആളുകൾ തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തതായും പരാതിക്കാരൻ ആരോപിക്കുന്നു. ഈ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റകൃത്യം ചെയ്തത് ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡന വിഡിയോ ക്ലിപ്പുകൾ ചോർന്നതിനു പിന്നാലെയുള്ള കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, മൂത്ത സഹോദരൻ സൂരജിനെതിരെയും പരാതി ഉയർന്നത്. എന്നാൽ, കുടുംബത്തെ ഒന്നാകെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ കെട്ടിച്ചമച്ച കേസാണിതെന്നും നിയമപരമായി നേരിടുമെന്നും സൂരജ് പറഞ്ഞു.