കള്ളക്കുറിച്ചി: വിഷമദ്യ ദുരന്തബാധിതരെ കള്ളക്കുറിച്ചിയിലെത്തി ആശ്വസിപ്പിച്ച് മക്കൾ നീതി മയ്യം പാർട്ടിയുടെ അധ്യക്ഷനും നടനുമായ കമൽഹാസൻ. വിഷമദ്യ ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് താരമെത്തിയത്.

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്യും നേരത്തെ കള്ളക്കുറിച്ചിയിലെത്തിയിരുന്നു. വിഷമദ്യ ദുരന്തം സ്റ്റാലിൻ സർക്കാരിനെതിരെ വലിയ പ്രതിഷേധമായി മാറുന്ന ഘട്ടത്തിലാണ് സിനിമാ താരങ്ങൾ കള്ളക്കുറിച്ചിയിലേക്ക് എത്തുന്നത്. ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കരുണാപുരം ദലിത് ഗ്രാമത്തിലാണെന്നാണ് പുറത്തു വരുന്ന കണക്കുകൾ. 57 പേർ മരിച്ചതിൽ 32 പേരും ഈ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

അതേ സമയം വിഷയത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്ത് വന്നു. നീറ്റ് - നെറ്റ് പരീക്ഷാ വിവാദം ഇന്ത്യ സഖ്യം ആയുധമാക്കിയിരിക്കെ, കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ വിമർശനം ഉന്നയിച്ചത്.

പിന്നാക്ക വിഭാഗക്കാർ കൂടുതൽ താമസിക്കുന്ന സ്ഥലത്താണ് വിഷമദ്യ ദുരന്തമുണ്ടായതെന്നും എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഇതിനെതിരെ സംസാരിക്കാത്തതെന്നും ബിജെപി നേതാവ് സംബിത് പാത്ര ചോദിച്ചു. അസ്വസ്ഥതപ്പെടുത്തുന്ന സംഭവമാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ രാഷ്ട്രീയം നോക്കിയാണോ മിണ്ടാതിരിക്കുന്നത് എന്നും ചോദിച്ചു.