ശ്രീനഗർ: കശ്മീരിൽ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്കിടെ രണ്ട് ഭീകരരെ വധിച്ച് അതിർത്തി സുരക്ഷാ സേന. ദോഡ ജില്ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.

കശ്മീരിലെ കത്വ ജില്ലയിലെ പത്താൻകോട്ടിന് സമീപത്ത് ഇന്നലെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആയുധധാരികളായ രണ്ട് പേരെയാണ് സംശയാസ്പദമായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇതേ തുടർന്ന് ബിഎസ്എഫ്, കര-വ്യോമ സേനകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ബോർഡർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ രാകേഷ് കൗശൽ പ്രതികരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കർശന പരിശോധന നടക്കുന്നുണ്ടെന്നും ഡിഐജി അറിയിച്ചു.

പ്രദേശത്ത് പൊലീസും സുരക്ഷാ സേനയും സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്. കത്വയിൽ കോമ്പിങ് ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഈ മാസം 11-ന് ഛത്തർഗല്ല ചെക്ക് പോസ്റ്റിന് സമീപം ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. 12-ന് കത്വയിലെ ഹിരാനഗർ സെക്ടറിൽ പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയതായി സംശയിക്കുന്ന രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.