ന്യൂഡൽഹി: കേരളത്തിന്റെ സ്വന്തം പയ്യോളി എക്സ്പ്രസ് പിടി ഉഷയുടെ ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ. ഡൽഹിയിലെ അസോസിയേഷൻ ആസ്ഥാനത്ത് സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് ഉഷ 60-ാം പിറന്നാൾ ആഘോഷിച്ചത്. സഹപ്രവർത്തകരുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.

"ഇന്നലെ വരെ ഇവിടെ കടുത്ത ചൂടായിരുന്നു. ഇന്നു മഴ പെയ്യുന്നു. കണ്ടോ എന്റെ ജന്മദിനത്തിന് അനുഗ്രഹവുമായി ഡൽഹിയിൽ മഴ വരെയെത്തി." - ജന്മദിനാശംസകൾക്ക് പി.ടി.ഉഷ നൽകിയ ചിരിയോടെയുള്ള മറുപടി.

60 വയസായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം മനസിൽ യുവത്വമാണ്. 60-ൽ 47 വർഷവും താൻ ഓടി നടക്കുകയായിരുന്നെന്ന് പിടി ഉഷ ആഘോഷങ്ങൾക്ക് ശേഷം പ്രതികരിച്ചു. സത്യത്തിൽ എനിക്ക് ഇതിനോടൊന്നും വലിയ താൽപര്യമില്ല. ഞാൻ ആഘോഷിക്കാറില്ല, ഓരോ പിറന്നാൾ വരുമ്പോഴും പക്ഷേ, പിറന്നാളാണെന്ന് എല്ലാവരും അറിയാറുണ്ട്.

ഒരു തമാശയുണ്ട്. മെയ്‌ 20 ആണ് എന്റെ ഔദ്യോഗിക ജന്മദിനം. അതുകൊണ്ട് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും എല്ലാം ജന്മദിനാശംസകൾ അന്നുതന്നെ കിട്ടി. കുറച്ചധികം നേരത്തേ കിട്ടി. ഉപരാഷ്ട്രപതിയും മറ്റും നേരിട്ടു വിളിച്ചിരുന്നു. അവരോടൊക്കെ ഞാൻ പറഞ്ഞു ശരിക്കുള്ള പിറന്നാൾ വരുന്നേയുള്ളൂവെന്ന്.

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ മികച്ച നേട്ടം കൈവരിക്കുമെന്നും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റും മുൻ ഒളിമ്പ്യനുമായ അവർ കൂട്ടിച്ചേർത്തു. മെയ് 20ന് ഔദ്യോഗിക ജന്മദിനം ആഘോഷിച്ച പിടി ഉഷയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ ആശംസകൾ അറിയിച്ചിരുന്നു.