- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജെ.ജെ.പി.
ചണ്ഡീഗഢ്: ഹരിയാണയിൽ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറെന്ന് ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി). സംസ്ഥാനത്ത് ബിജെപിയുടെ മുൻ സഖ്യകക്ഷിയായിരുന്നു ജെ.ജെ.പി. ഈ വർഷം മാർച്ചിൽ ഹരിയാണ മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടാറിനെ മാറ്റി പകരം നയബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയതോടെയാണ് സഖ്യത്തിൽ വിള്ളൽ വീണത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഭരണകക്ഷിയായ ബിജെപിയുമായി യാതൊരു സഖ്യത്തിനും ഇനിയില്ലെന്നും ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹരിയാണ മുൻ ഉപമുഖ്യമന്ത്രി കൂടിയായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പത്ത് മണ്ഡലങ്ങളിലും ജെ.ജെ.പി. സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. എന്നാൽ ഒരിടത്തും ജെ.ജെ.പി. സ്ഥാനാർത്ഥികൾ വിജയിച്ചില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായ ദീപേന്ദർ സിങ് ഹൂഡ റൊഹ്തക് മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഹരിയാണയിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രമുഖനായ വ്യക്തിയേയോ ഏതെങ്കിലും കായികതാരത്തേയോ മത്സരിപ്പിക്കണമെന്ന നിബന്ധനയോടെയാണ് ജെ.ജെ.പി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.