ഭോപാല്‍: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മധ്യപ്രദേശില്‍നിന്നാണ് അദ്ദേഹം മത്സരിക്കുക. ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന സീറ്റിലാണ് ജോര്‍ജ് കുര്യന്‍ മത്സരിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായ അദ്ദേഹം ബുധനാഴ്ച രാവിലെ ഭോപാലില്‍ എത്തി പത്രിക സമര്‍പ്പിച്ചു. സെപ്റ്റംബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ്.

സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി.ഡി.ശര്‍മയ്‌ക്കൊപ്പം മുഖ്യമന്ത്രി മോഹന്‍ യാദവിനെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹത്തിനും ഉപമുഖ്യമന്ത്രിമാര്‍ക്കും ഒപ്പം പത്രിക സമര്‍പ്പിച്ചത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയായ സിന്ധ്യ, ഗുണ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

9 സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ 11 എണ്ണവും മധ്യപ്രദേശിലാണ്. 230 അംഗ നിയമസഭയില്‍ ബിജെപിക്ക് 163 എംഎല്‍എമാരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസിന് 64, ഭാരത് ആദിവാസി പാര്‍ട്ടിക്ക് (ബിഎപി) 1 എന്നിങ്ങനെയാണ് കക്ഷിനില. 2 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.