ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ യുവവനിതാഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തേത്തുടര്‍ന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ആര്‍ഡിഎ) പ്രസ്താവനയില്‍ അറിയിച്ചു. ഡോക്ടര്‍മാരോട് സമരം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു.

മുഴുവന്‍ ഡോക്ടര്‍മാരും ജോലിയില്‍ തിരികെ പ്രവേശിക്കും. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കില്ല. നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ദേശീയ കര്‍മ്മസമിതി റിപ്പോര്‍ട്ട് വരും വരെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രതിഷേധിച്ചവര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ആര്‍.ജി കര്‍ ആശുപത്രിയിലെ സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി ഉറപ്പുതന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കുകയാണെന്ന് ആര്‍ഡിഎ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ താല്‍പര്യവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു.

വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്ക് ദേശീയ മാര്‍ഗരേഖയുണ്ടാക്കാന്‍ പത്തംഗ ദൗത്യസേനയെ കോടതി നിയോഗിച്ചിരുന്നു. അന്വേഷണപുരോഗതി സി.ബി.ഐ.യും ആശുപത്രിയിലുണ്ടായ അതിക്രമങ്ങളേക്കുറിച്ച് സംസ്ഥാന സര്‍ക്കാരും വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

സമരം നടത്തുന്നവര്‍ക്കുമേല്‍ ബംഗാള്‍ സര്‍ക്കാര്‍ അധികാരപ്രയോഗം നടത്തരുതെന്നും ആര്‍.ജി. കര്‍ ആശുപത്രിയില്‍ സി.ഐ.എസ്.എഫ്. സുരക്ഷയൊരുക്കണമെന്നും കോടതി പറഞ്ഞു. സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ജോലിയില്‍ തിരികെ പ്രവേശിക്കാനും സുപ്രീംകോടതി അഭ്യര്‍ഥിച്ചിരുന്നു.