ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും ബി.ജെ.പി മുന്‍ എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന് താക്കീതുമായി പാര്‍ട്ടി. ഗുസ്തി താരങ്ങള്‍ക്കെതിരെ സംസാരിക്കരുതെന്ന് ബി.ജെ.പി നേതൃത്വം ബ്രിജ് ഭൂഷണ് നിര്‍ദേശം നല്‍കിയതായാണ് വിവരം.

ദേശീയ ടീമിലേക്ക് നിരവധി കായിക താരങ്ങളെ അയക്കുന്ന സംസ്ഥാനമാണ് ഹരിയാന. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുസ്തി താരങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ഇക്കാരണത്താലാണ് ഗുസ്തി താരങ്ങള്‍ക്കെതിരെ സംസാരിക്കരുതെന്ന നിര്‍ദേശം നല്‍കാന്‍ കാരണം.

ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും മെഡല്‍ ലഭിക്കാത്തത് ദൈവം നല്‍കിയ ശിക്ഷയാണെന്നുമാണ് ബ്രിജ് ഭൂഷണ്‍ പറഞ്ഞത്. വിനേഷിനെ തനിക്കെതിരെ തിരിച്ചത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയായിരുന്നു. ഹരിയാനയില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനെത്തുമെന്നും ഏത് സ്ഥാനാര്‍ഥിക്കും വിനേഷിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാകുമെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു.

തൊട്ടുപിന്നാലെ ബ്രിജ് ഭൂഷണ് മറുപടിയുമായി ഗുസ്തിതാരം ബജ്രംഗ് പുനിയ രംഗത്തെത്തിയിരുന്നു. ഒളിമ്പിക്‌സ്?വേദിയില്‍ വിനേഷ് ഫോഗട്ട് നഷ്ടപ്പെടുത്തിയത് അവരുടെ മാത്രം മെഡലല്ലെന്നും 140 കോടി ഇന്ത്യക്കാരുടെ മെഡലാണെന്നും ബജ്രംഗ് പുനിയ തിരിച്ചടിച്ചു. വിനേഷിന്റെ പരാജയം ആഘോഷിച്ചവര്‍ ദേശഭക്തരാണോയെന്നും അദ്ദേഹം ചോദിച്ചു.