പട്‌ന: ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ മദ്യനിരോധനം പിന്‍വലിക്കുമെന്നു ജന്‍ സുരാജ് നേതാവ് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു. ബിഹാറില്‍ മദ്യനിരോധനം കടലാസില്‍ മാത്രമേ ഉള്ളുവെന്നും മദ്യത്തിന്റെ ഹോം ഡെലിവറി നിര്‍ബാധം നടക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു. ഒക്ടോബര്‍ രണ്ടിനു പ്രശാന്ത് കിഷോര്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ജന്‍ സുരാജ് അധികാരത്തിലേറിയാല്‍ ഒരു മണിക്കൂറിനകം മദ്യ നിരോധനം അവസാനിപ്പിക്കും.

സമ്പൂര്‍ണ മദ്യനിരോധനം കാരണം ബിഹാര്‍ സര്‍ക്കാരിനു പ്രതിവര്‍ഷം 20,000 കോടി രൂപയുടെ നികുതി വരുമാനമാണു നഷ്ടമാകുന്നത്. സ്ത്രീകളുടെ വോട്ടു കിട്ടിയാലും ഇല്ലെങ്കിലും ബിഹാറിന്റെ താല്‍പര്യത്തിനു വിരുദ്ധമായ മദ്യ നിരോധനത്തിനെതിരെ സംസാരിക്കുമെന്നു പ്രശാന്ത് കിഷോര്‍ നയം വ്യക്തമാക്കി. ബിഹാറില്‍ 2016ലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്.