മുംബൈ: മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെക്കും ബി.ജെ.പി എം.എല്‍.എ നിലേഷ് റാണെക്കുമെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. പ്രവാചകന്‍ മുഹമ്മദിനെതിരെ പരസ്യമായി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഇരുവരും പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതായും ബാന്ദ്രയിലെ മുഹമ്മദ് വാസി സയ്യദ് തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ സന്യാസി രാംഗിരി മഹാരാജിനെ പിന്തുണച്ച് ഷിന്‍ഡെയും നിതീഷ് റാണെയും രംഗത്തുവന്നിരുന്നു. വിവാദം കത്തിനില്‍ക്കുമ്പോള്‍ രാംഗിരി മഹാരാജ് പങ്കെടുത്ത വേദിയില്‍ ഷിന്‍ഡെ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. തന്റെ ഭരണകാലത്ത് ഒരു സന്യാസിയെയും തൊട്ടുപോകരുതെന്നാണ് ഷിന്‍ഡെ പറഞ്ഞത്. രാംഗിരി മഹാരാജിനെ പിന്തുണച്ച് അഹ്‌മദ്‌നഗറില്‍ നടത്തിയ റാലിയില്‍ മുസ്‌ലിംകള്‍ സ്വവര്‍ഗരതിക്കാരാണെന്നും പള്ളികളില്‍ ചെന്ന് മുസ്‌ലിംകളെ കൊല്ലുമെന്നും നിതേഷ് റാണെയും ഭീഷണിമുഴക്കി. മതസ്പര്‍ദ വളര്‍ത്തുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കേസെടുക്കണമെന്നാണ് ആവശ്യം.