ഹൊസൂര്‍: തമിഴ്‌നാട് ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്‌സ് നിര്‍മാണ യൂണിറ്റില്‍ വന്‍ തീപ്പിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജീവനക്കാരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

തീ നിയന്ത്രണവിധേയമാക്കുന്നതിന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഇപ്പോഴും പരിശ്രമിക്കുകയാണ്. അപകടത്തില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ 1,500-ലധികം ജീവനക്കാര്‍ ജോലിസ്ഥലത്തുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല. ശ്വാസസംബന്ധമായ ചില പ്രശ്‌നങ്ങള്‍ അനുഭപ്പെട്ട ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

ഹൊസൂരിലെ നിര്‍മാണ യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായതായി ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് സ്ഥിരീകരിച്ചു. സുരക്ഷാ പ്രോട്ടാക്കോളുകള്‍ പാലിച്ചിരുന്നു. അപകടകാരണം അന്വേഷിക്കുകയാണ്. ജീവനക്കാരെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.