പട്ന: സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാറിയ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. ഞായറാഴ്ച ഉപമുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞുകൊടുത്ത തേജസ്വി ഇവിടെനിന്നും എസിയും സോഫയും ചെടിച്ചട്ടികളും മോഷ്ടിച്ചുകൊണ്ടുപോയി എന്നാണ് ആരോപണം. ബിഹാറിന്റെ പുതിയ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ പി.എസ്. ശത്രുധന്‍ കുമാറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സമ്രാട്ടിനായി തേജസ്വി ഒഴിഞ്ഞുകൊടുത്ത ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും ഒരു സോഫ, എയര്‍ കണ്ടീഷണറുകള്‍, ചെടിച്ചട്ടികള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങള്‍ കാണാതെ പോയതായാണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നതെന്ന് ശത്രുധന്‍ കുമാര്‍ ആരോപിക്കുന്നു.

ശത്രുധന്‍ കുമാറിന്റെ ആരോപണങ്ങളെ പിന്താങ്ങി ഡാനിഷ് ഇഖ്ബാലും രംഗത്തെത്തി. അനാവശ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല, മറിച്ച് സിസിടിവിയിലും മറ്റും പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് തേജസ്വിയോട് ഉത്തരം ആരായുകയാണ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് പൈപ്പുകള്‍ അപ്രത്യക്ഷമാക്കിയതിന് സമാനമായ സംഭവമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്, ഡാനിഷ് പറഞ്ഞു.

അതേസമയം, ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ആര്‍ജെഡി പരിഹസിച്ചു. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തേജസ്വി ഫോബിയയാണ്. തരംതാണ രാഷ്ട്രീയമാണ് അവര്‍ കളിക്കുന്നത്, ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.