പാലക്കാട്: രേഖകള്‍ ഇല്ലാതെ ട്രെയിനില്‍ കടത്തികൊണ്ട് വന്ന കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശി സുനില്‍ കുമാറിനെ ആണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ -എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന സുനില്‍ കുമാറിന്റെ ശരീരത്തില്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിയില്‍ പ്രത്യേകതരം ജാക്കറ്റിനുള്ളില്‍ ആയിരുന്നു 28 ലക്ഷം രൂപ ഒളിപ്പിച്ച് കടത്തികൊണ്ട് വന്നത്.

പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ നടപടികള്‍ക്കായി പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ക്ക് കൈമാറി. പാലക്കാട് ആര്‍പിഎഫ് കമാന്‍ഡന്റ് നവിന്‍ പ്രസാദിന്റെ നിര്‍ദേശപ്രകാരം സിഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്‌ഐമാരായ സജി അഗസ്റ്റിന്‍, എ. മനോജ് , പി. ഷാജുകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി. സവിന്‍, കോണ്‍സ്റ്റബിള്‍മാരായ ഒപി. ബാബു, എന്‍.ശ്രീജിത്ത് , എന്‍എസ്. ശരണ്യ എന്നിവര്‍ ആണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.