ചെന്നൈ: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ നാഷനല്‍ കോണ്‍ഫറന്‍സിനെയും കോണ്‍ഗ്രസിനെയും അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇത് ഇന്ത്യയുടെയും ജനാധിപത്യത്തിന്റെയും വിജയം എന്നതിലുപരി, കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ എടുത്തുകളഞ്ഞ ജമ്മു കശ്മീരിന്റെ അന്തസ്സും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കുന്നത്തിനുള്ള നിയോഗമാണ് -സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.

90 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയ നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം കേവല ഭൂരിപക്ഷം നേടിയിരുന്നു. 42 സീറ്റുകള്‍ നാഷണല്‍ കോണ്‍ഫറന്‍സും ആറ് സീറ്റുകള്‍ കോണ്‍ഗ്രസുമാണ് നേടിയത്. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ സി.പി.എം ഒരിടത്തും ജയിച്ചു. 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

ജമ്മു മേഖലയില്‍ തിളങ്ങിയ ബി.ജെ.പിക്ക് 29 സീറ്റുണ്ട്. മുന്‍ ഭരണകക്ഷിയായ പി.ഡി.പി മൂന്ന് സീറ്റിലൊതുങ്ങി. ചെറുകക്ഷികളുടെ സ്വതന്ത്രര്‍ ഏഴ് സീറ്റുമായി മുഖ്യധാരാ പാര്‍ട്ടികളെ തറപറ്റിച്ചു. ജമ്മു-കശ്മീര്‍ പീപ്ള്‍സ് കോണ്‍ഫറന്‍സിനും ആം ആദ്മി പാര്‍ട്ടിക്കും ഒരു സീറ്റ് നേടാനാനായി. ആം ആദ്മി പാര്‍ട്ടി ആദ്യമായാണ് കശ്മീരില്‍ വെന്നിക്കൊടി പാറിക്കുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല ജമ്മു-കശ്മീരില്‍ മുഖ്യമന്ത്രിയാകും.