- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ചാനലുകള്‍ നടത്തുന്ന ഫലപ്രഖ്യാപനം അസംബന്ധം; കടുത്ത വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് കമീഷന്‍
എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ തന്നെ ചാനലുകള്‍ ഫലം നല്കുന്നു
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ന്യൂസ് ചാനലുകള്‍ ഫലപ്രഖ്യാപനം നടത്തുന്നതില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റില്‍ ആദ്യഘട്ട ഫലം വരുന്നത് രാവിലെ ഒമ്പതരക്കാണ്. എന്നാല്‍, എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ തന്നെ ചാനലുകള്‍ ഫലം നല്‍കുകയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ കുറ്റപ്പെടുത്തി. ഇത്തരം പ്രഖ്യാപനങ്ങളൊക്കെ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ പരാമര്‍ശം. എക്‌സിറ്റ്‌പോളുകള്‍ക്ക് കൃത്യതയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എക്‌സിറ്റ്‌പോളുകളുടെ കൃത്യത സംബന്ധിച്ച് ആധികാരികമായ തെളിവുകളൊന്നുമില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി.
രണ്ട് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റേയും നിയമസഭ, ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളുടേയും തീയതി തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബര്‍ 20ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. 288 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. ജാര്‍ഖണ്ഡില്‍ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബര്‍ 13നും രണ്ടാം ഘട്ടം 20നും നടക്കും. 23നാണ് വോട്ടെണ്ണല്‍. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്.
ഉത്തര്‍ പ്രദേശില്‍ 10 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതില്‍ ഒമ്പതുപേര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെങ്കില്‍ മറ്റൊരിടത്ത് സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ ക്രിമിനല്‍ കേസില്‍ കുടുങ്ങിയതോടെ അയോഗ്യനായതിനാലാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഗുജറാത്തില്‍ രണ്ട് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ്.