ചെന്നൈ: തമിഴ് രാഷ്ട്രീയത്തിന്റെ തലവര തന്നെ ഇന്നലെ വിജയ് മാറ്റിമറിച്ചു. ഇതോടെ ഡിഎംകെ സർക്കാരും വിജയിയെ ഉറ്റുനോക്കുകയാണ്. ഇപ്പോഴിതാ വിജയിയെ പ്രകീർത്തിച്ച് ബിജെപി സഖ്യകക്ഷികൾ രംഗത്തെത്തി.

കഴിഞ്ഞ ദിവസം നടന്ന തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയിയെ പുകഴ്ത്തി ബിജെപി സഖ്യകക്ഷികൾ രംഗത്ത് വന്നത്.

ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചുവെങ്കിലും വിജയുടേത് ഗംഭീര തുടക്കമെന്ന് ബിജെപി ഘടക കക്ഷികളായ പുതിയ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ടിക്കറ്റിൽ മത്സരിച്ച പാർട്ടികളാണ് ഇന്നലത്തെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പുകഴ്ത്തി രംഗത്ത് വന്നത്. അതേസമയം സഖ്യകക്ഷികൾക്കും അധികാരം നൽകുമെന്ന പ്രഖ്യാപനം വഴിതിരിവാകുമെന്ന് തമിഴിസൈ സൗന്ദർരാജൻ പ്രതികരിച്ചു.