ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ മൂന്നിടങ്ങളില്‍ ഏറ്റമുട്ടല്‍. ശ്രീനഗര്‍, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍. അനന്തനാഗില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലാര്‍നു വനമേഖലയില്‍ മറ്റൊരു ഭീകരനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ ഇപ്പോഴും ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കശ്മീരില്‍ നാലിടത്താണ് വെടിവെപ്പുണ്ടായത്.

ജമ്മു മേഖലയില്‍ മുപ്പതിടങ്ങളില്‍ സൈന്യത്തിന്റെ തെരച്ചില്‍ നടപടികള്‍ തുടരുകയാണ്. ബന്ദിപ്പോരയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.

ശ്രീനഗറില്‍ രണ്ടര വര്‍ഷത്തിനുശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ശ്രീനഗറിലെ ഖന്യാര്‍ ഭാഗത്ത് വെടിവെപ്പുണ്ടായി മണിക്കൂറുകള്‍ക്കകമാണ് പുതിയ സംഭവവും നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിദേശിയും മറ്റേയാള്‍ പ്രാദേശികനുമാണെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തിലെ ലാല്‍ചൌക്കില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടക്കുന്ന ഖാനിയാര്‍. സുരക്ഷാസേന തെരയുന്ന ലഷ്‌ക്കര്‍ ഇ തായിബ കമാന്‍ഡര്‍ ഉസ്മാന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ഇവിടെ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന തുടങ്ങിയത്. പരിശോധന ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരന്നു. രൂക്ഷമായ ഏറ്റുമുട്ടല്‍ ഇവിടെ തുടരുകയാണ്.

കൂടുതല്‍ സൈന്യത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ അനന്തനാഗിലെ കോക്കര്‍നാഗില്‍ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു. അതെസമയം ഇന്നലെ രാത്രി ബന്ദിപ്പോരയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താന്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. വനമേഖലയില്‍ ഈ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നതായിട്ടാണ് വിവരം. അതെസമയം കശ്മീര്‍ മേഖലയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജമ്മു മേഖലയിലും ജാഗ്രത തുടരുകയാണ്. ദോഡാ, രജൌരി, പൂഞ്ച് ഉള്‍പ്പെടെ മേഖലകളിലായി മുപ്പതിടങ്ങളില്‍ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്.

താഴ്വരയില്‍ ഭീകരര്‍ക്കായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സേനാവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ബുധ്ഗാമില്‍ അതിഥി തൊഴിലാളികള്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തത് വെള്ളിയാഴ്ചയായിരുന്നു. ബന്ദിപുരയില്‍ ബിലാല്‍ കോളനിയിലെ സൈനിക ക്യാമ്പിനുനേരെയും വെടിവെപ്പുണ്ടായിരുന്നു. ആക്രമണങ്ങളില്‍ സുരക്ഷാ സേനാംഗങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ പരിക്കില്ല.