ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന്റെ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ ഏറ്റുവാങ്ങി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടതോടെയാണ് മന്ത്രിക്ക് പുതിയ ബട്ടന്‍ ലഭിച്ചത്. യൂട്യൂബിന്റെ ഏഷ്യ പസിഫിക് മേഖലാ ഡയറക്ടര്‍ അജയ് വിദ്യാസാഗറാണ് ഗഡ്കരിക്ക് പ്ലേ ബട്ടന്‍ കൈമാറിയത്.

നേട്ടം ജനവിശ്വാസത്തിന്റെയും പിന്തുണയുടെയും പ്രതീകമാണെന്ന് മന്ത്രി എക്‌സില്‍ പങ്കുവെച്ച വിഡിയോക്കൊപ്പം കുറിച്ചു. 1.2 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള ഗഡ്കരിയുടെ യൂട്യൂബ് ചാനലില്‍ നാലായിരത്തിലേറെ വിഡിയോകളാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്.

വിവിധ ഉദ്ഘാടന പരിപാടികള്‍, റോഡുകളും എക്‌സ്പ്രസ് വേകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വിവിധ പരിപാടികളിലെ പ്രസംഗങ്ങള്‍ എന്നിവയുടെയെല്ലാം വിഡിയോകളാണ് ചാനലിലുള്ളത്. ഗഡ്കരിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ചാനലില്‍ പിന്‍ ചെയ്തിട്ടുണ്ട്. രണ്ടാം മോദി മന്ത്രിസഭയില്‍ വഹിച്ച അതേ പദവിതന്നെയാണ് ഇത്തവണയും ഗഡ്കരിക്കുള്ളത്.