- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനി വിഷയത്തില്‍ പ്രതിഷേധം കടുത്തു; ഒടുവില്‍ പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്റില്‍ ഭരണഘടനയിന്മേല് ചര്‍ച്ച നടത്തും
പാര്‍ലമെന്റില്‍ ഭരണഘടനയിന്മേല് ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കുകയും ഇരുസഭകളും അഞ്ച് ദിവസമായി സ്തംഭിക്കുകയും ചെയ്തതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. പാര്‍ലമെന്റില്‍ ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടത്തും. 13,14 തീയതികളില്‍ ലോക്‌സഭയിലും 16,17 തീയതികളില്‍ രാജ്യസഭയില്‍ ചര്‍ച്ച നടത്തും. നാളെ മുതല്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്തംഭിച്ചിരുന്നു. കോണ്‍ഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യം യോഗം ബഹിഷ്‌ക്കരിച്ചു.
അദാനി, മണിപ്പൂര്‍, വയനാട്, സംഭല്‍, ഫിഞ്ചാല്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാടിന് സഹായം, കര്‍ഷക പ്രതിഷേധം വിഷയങ്ങള്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയമായും രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തിയെങ്കിലും ഉയര്‍ന്ന് കേട്ടത് അദാനി മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മാത്രമാണ്.
പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലോക് സഭയില്‍ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നെങ്കിലും നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. പിന്മാറാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ പിരിഞ്ഞു. പന്ത്രണ്ട് മണിക്ക് ചേര്‍ന്നപ്പോഴും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു.
അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് എല്ലാ ദിവസവും സഭ സ്തംഭിപ്പിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ മുറുമുറുപ്പ് തുടങ്ങി. ബംഗാളിലെ വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കി. ഇന്ത്യ സഖ്യ യോഗം ബഹിഷ്‌ക്കരിച്ച തൃണമൂല്‍ പാര്‍ലമെന്റിലെ പ്രതിഷേധത്തിലും പങ്കെടുത്തില്ല.
എന്‍സിപിക്കും വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ട്. സഖ്യകക്ഷികള്‍ എതിര്‍പ്പ് അറിയിച്ചതോടെ അദാനി വേണ്ട ഭരണഘടനയിലായാലും ചര്‍ച്ച മതിയെന്ന നിലപാടിലായി കോണ്‍ഗ്രസ്. ഈയാവശ്യവുമായി സ്പീക്കറെ കണ്ടെങ്കിലും അനുകൂല പ്രതികരണം കിട്ടിയിട്ടില്ല. ചര്‍ച്ച കൂടാതെ ബഹളത്തിനിടെ ബില്ലുകള്‍ പാസാക്കാമെന്നതിനാല്‍ സര്‍ക്കാരും ഇതൊരവസരമായി കാണുകയാണ്.