ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവതരിപ്പിച്ച ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലുകള്‍ പരിശോധിക്കുന്നതിനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെട്ടേക്കുമെന്ന് സൂചന. പ്രിയങ്കയും മനീഷ് തിവാരിയും കോണ്‍ഗ്രസ് പ്രതിനിധികളായി എത്തിയേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രവിശങ്കര്‍ പ്രസാദ്, നിഷികാന്ത് ദുബെ എന്നിവരാകും ബിജെപിയും പ്രതിനിധികളെന്നാണ് സൂചന.

നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിന്മേല്‍ മണിക്കൂറുകളോളം രൂക്ഷമായ വാദപ്രതിവാദമാണു കഴിഞ്ഞ ദിവസം നടന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ജെപിസിക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. സുഖ്ദേവ് ഭഗതും രണ്‍ദീപ് സുര്‍ജേവാലയും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്. കല്യാണ്‍ ബാനര്‍ജിയും സകേത് ഗോഖലയും തൃണമൂല്‍ കോണ്‍ഗ്രസിനേയും ശ്രീകാന്ത് ഷിന്ദെ ശിവസേനയേയും സഞ്ജയ് ഝാ ജെഡിയുവിനേയും പ്രതിനിധീകരിച്ചേക്കും.

ലോക്‌സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരും അടങ്ങുന്ന 31 അംഗങ്ങളുള്ള പാനലില്‍ ടി.എം സെല്‍വഗണപതിയും പി വില്‍സണും ഡിഎകെ പ്രതിനിധികളായി ഉള്‍പ്പെടുത്തിയേക്കും.

അനുരാഗ് ഠാക്കൂറിനേയും പിപി ചൗധരിയേയും കൂടി ബിജെപി പ്രതിനിധികളായി പാനലിലുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ബില്‍ ജെപിസിക്ക് വിടണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നിതിനാണ് ബില്ലുകള്‍.

269 എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു. തുടര്‍ന്നാണു ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടത്. പാര്‍ട്ടി വിപ് നല്‍കിയിട്ടും 'ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ്' ബില്‍ അവതരണ സമയത്ത് ലോക്‌സഭയില്‍ 20 ബിജെപി അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. പങ്കെടുക്കാത്ത അംഗങ്ങള്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. നിതിന്‍ ഗഡ്ഗരി അടക്കമുള്ള മന്ത്രിമാരും ബില്‍ അവതരിപ്പിക്കുമ്പോള്‍ സഭയിലെത്തിയില്ല.