ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യേണ്ടിയിരുന്നു കോഴിമുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍. മോഷണം നടത്തുന്ന പ്രിന്‍സിപ്പലിന്റെ വിഡിയോ വൈറലായതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതോടെ സംഭവത്തില്‍ അധ്യാപകനോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. ബിഹാറിലെ റിക്കാര്‍ ജില്ലയിലെ മിഡില്‍ സ്‌കൂളിലാണ് സംഭവം നടന്നത്.

വിഡിയോ പുറത്തെത്തിയതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് സാഹ്നിയോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മോഷണത്തില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഛായ മോശമാക്കുന്ന നടപടിയാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡിസംബര്‍ 12നാണ് സംഭവമുണ്ടായത്. സ്‌കൂളില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യേണ്ടിയിരുന്ന കോഴിമുട്ട പ്രിന്‍സിപ്പല്‍ കവറിലാക്കി വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രതിഷേധം നടത്തി.

അതേസമയം, കോഴിമുട്ട വീട്ടിലേക്ക് കൊണ്ടു പോയിട്ടില്ലെന്നും സ്‌കൂളിലെ പാചകകാരന് നല്‍കുകയാണ് ഉണ്ടായതെന്നുമാണ് പ്രിന്‍സിപ്പല്‍ സുരേഷ് സാഹ്നിയുടെ വിശദീകരണം.