- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം ഒരു മിനി പാക്കിസ്ഥാനാണ്; അതുകൊണ്ടാണ് രാഹുലും പ്രിയങ്കയും അവിടെനിന്നു ജയിച്ചത്; പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരര്‍ മാത്രമാണെന്നും മഹാരാഷ്ട്ര മന്ത്രി
പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരര്‍ മാത്രമാണെന്നു മഹാരാഷ്ട്ര മന്ത്രി
മുംബൈ: കേരളത്തെ മിനി പാക്കിസ്ഥാനെന്ന് ആക്ഷേപിച്ച് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരര്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. പുണെയിലെ സാസ്വദിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമര്‍ശം വിവാദമായി.
ഛത്രപതി ശിവാജി, അഫ്‌സല്‍ ഖാനെ പരാജയപ്പെടുത്തിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിലായിരുന്നു പരാമര്‍ശം. പ്രസംഗത്തില്‍ കേരളത്തില്‍നിന്നുള്ള ഹൈന്ദവ പ്രവര്‍ത്തകരെ അദ്ദേഹം പ്രശംസിച്ചു. ''കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 12,000 ഹിന്ദു പെണ്‍കുട്ടികളെയാണ് അവര്‍ രക്ഷിച്ചത്. ഒരു സഹോദരിയെ രക്ഷിക്കണമെങ്കില്‍പ്പോലും എത്രത്തോളം ശ്രമകരമാണെന്നതു ഞങ്ങളെപ്പോലുള്ള ഹൈന്ദവ പ്രവര്‍ത്തകരോടു ചോദിക്കണം. എന്നിട്ടും കേരളത്തില്‍നിന്നുള്ള സംഘം ഇതു നേടി.
കേരളം ഒരു മിനി പാക്കിസ്ഥാനാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും അവിടെനിന്നു ജയിച്ചത്. അവര്‍ക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. ഞാന്‍ സത്യമാണു പറയുന്നത്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എംപിമാരാകുന്നത്.
മറ്റു മതങ്ങളുടെ ഘോഷയാത്രയ്ക്ക് അനുമതി നല്‍കുന്നതുപോലെ ഹൈന്ദവ ആഘോഷങ്ങള്‍ക്കും അനുമതി നല്‍കണം. ഞങ്ങളുടെ ഘോഷയാത്രകള്‍ക്കു പത്തുമണിവരെ പോകാമെങ്കില്‍ അവരുടേതും പോകാം. ഞങ്ങള്‍ വെറുതേ സംസാരിക്കുന്നവരല്ല, ചെയ്യുന്നവരാണ്. അനധികൃതമായി ചെയ്യുന്നവരെ ഒരു പാഠം പഠിപ്പിക്കണമെങ്കില്‍ ഒരു ഫോണ്‍ കോളില്‍ സര്‍ക്കാര്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്നു ഞാന്‍ കാണിച്ചുതരാം.
ഹിന്ദുത്വപ്രവര്‍ത്തകരെ നിങ്ങള്‍ ഒറ്റയ്ക്കല്ല. സര്‍ക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട്. കാവിധരിച്ച മുഖ്യമന്ത്രിയാണ് ഈ സംസ്ഥാനത്തിന് ഉള്ളത്. ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് ഒന്നിലും പേടിവേണ്ട. ഹിന്ദുക്കള്‍ക്കെതിരെയോ മതത്തിന് എതിരെയോ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഞങ്ങള്‍ വെറുതേ വിടില്ല'' റാണെ പറഞ്ഞു.
അതേസമയം, റാണയില്‍നിന്ന് വേറെന്തു പ്രതീക്ഷിക്കാനാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അതുല്‍ ലോണ്‍ഡെ പാട്ടില്‍ ചോദിച്ചു. ''ഈ രാജ്യത്തെ ഒരു സംസ്ഥാനത്തെ ഒരാള്‍ പാക്കിസ്ഥാനെന്നു വിളിക്കുമ്പോള്‍ അങ്ങനെയൊരാള്‍ എങ്ങനെ കാബിനറ്റ് മന്ത്രിയായി തുടരുമെന്നാണ് പ്രധാനമന്ത്രി മോദിയോടും ദേവേന്ദ്ര ഫഡ്‌നാവിസിനോടും എനിക്ക് ചോദിക്കാനുള്ളത്. നമ്മള്‍ ഐക്യത്തിന്റെ പ്രതിജ്ഞ ചൊല്ലുന്നവരാണ്. ദേശസ്‌നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നവരുടെ മന്ത്രിസഭയില്‍ ഇങ്ങനൊരാളില്ലെന്ന് ഇരുവരും ഉറപ്പുവരുത്തുമെന്നു കരുതുന്നു.'' അദ്ദേഹം പറഞ്ഞു.