മുംബൈ: ദാദറിലെ സിവിക് സ്‌കൂളിലെ ക്ലാസ് മുറിയില്‍ വച്ച് 12 വയസുകാരിയെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ 38കാരനായ അധ്യാപകനെ മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഎന്‍എസ് വകുപ്പുകള്‍ പ്രകാരവും പോക്‌സോ വകുപ്പുകള്‍ ചുമത്തിയുമാണ് അറസ്റ്റ്.

ഡിസംബര്‍ 27നാണ് സംഭവം നടനടന്നത്. പെണ്‍കുട്ടി ക്ലാസ് മുറിയില്‍ തനിച്ചായിരുന്നപ്പോള്‍ അധ്യാപകന്‍ അവിടെയെത്തി. ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അകത്തു നിന്ന് വാതില്‍ അടച്ചു. പെണ്‍കുട്ടിയോട് തന്നെ കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെട്ടു. അത് കഴിഞ്ഞ് പീഡിപ്പിക്കുകയും ചെയ്തു. എഫ്‌ഐആറില്‍ പറയുന്നു.

ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് അധ്യാപകന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ പെണ്‍കുട്ടി ആദ്യം ആരോടും പറഞ്ഞില്ല. പിന്നീട് ഒരു സുഹൃത്തിനോട് സംഭവം പറഞ്ഞു, തുടര്‍ന്ന് ക്ലാസ് ടീച്ചറെ അറിയിച്ചു. അധ്യാപിക പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. പ്രധാനാധ്യാപകനോടൊപ്പം രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തു.

സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഡിസംബര്‍ 27ന് സ്‌കൂളില്‍ പെണ്‍കുട്ടിയും പ്രതിയായ അധ്യാപികനും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ''സ്‌കൂളിലെ മറ്റ് പെണ്‍കുട്ടികളെ ഇയാള്‍ ദുരുപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാനും മറ്റ് പരാതികളുണ്ടോ എന്ന് പരിശോധിക്കാനും കോടതിയില്‍ നിന്ന് കസ്റ്റഡി ആവശ്യപ്പെടും.'' പോലീസ് പറഞ്ഞു.