ന്യൂഡല്‍ഹി: ജാതിയുടെ പേരില്‍ വിഷം പടര്‍ത്തുന്നാനും സാമൂഹിക ഘടനയെ ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്നതായി പ്രതിപക്ഷത്തെ ഉന്നമിട്ട് വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അത്തരം ഗൂഡാലോചനകളെ പരാജയപ്പെടുത്തി പൊതു പൈതൃകം സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഗ്രാമീണ്‍ ഭാരത് മഹോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഉള്‍പ്പെടെ ഇന്‍ഡ്യ സഖ്യ നേതാക്കള്‍ ജാതി സെന്‍സസ് ആവശ്യപ്പെടുന്നതിനെയാണ് പ്രധാനമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.

ഗ്രാമീണ ജനങ്ങള്‍ക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്താനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. ഗ്രാമങ്ങളെ വളര്‍ച്ചയുടെ കേന്ദ്രങ്ങളാക്കി ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കുകയാണ് സര്‍ക്കാറിന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.