ഇന്ത്യയുടെ പരമ്പരാഗത കലകള്‍ക്ക് ഒപ്പം 'ക്രിയാത്മകമായ സമ്പദ് ഘടന' പ്രമേയമാക്കിയും നിശ്ചലദൃശ്യം; റിപ്പബ്ലിക് ദിന പരേഡില്‍ പ്രത്യേക അതിഥികളായി 22 കേരളീയരുംകൊച്ചി: ഡല്‍ഹിയില്‍ ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനു സാക്ഷ്യം വഹിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ക്ഷണിക്കപ്പെട്ട 10,000 പ്രത്യേക അതിഥികള്‍ക്കൊപ്പം കേരളത്തില്‍നിന്നുള്ള 22 പേരും പങ്കെടുക്കും. പാലക്കാട്ടുനിന്നുള്ള തോല്‍പ്പാവക്കൂത്ത് കലാകാരന്‍ രാമചന്ദ്ര പുലവര്‍, വയ്‌ക്കോല്‍കൊണ്ടു ചിത്രം രചിക്കുന്ന കൊല്ലത്തുനിന്നുള്ള ബി.രാധാകൃഷ്ണ പിള്ള, എറണാകുളത്തുനിന്നുള്ള പി.എ.ശശിധരന്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെയാണു ക്ഷണം.

തിരഞ്ഞെടുത്ത വിഭാഗങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി യശസ്വി പദ്ധതിയുടെ കീഴില്‍ 13 പേര്‍, തുണിത്തരങ്ങള്‍ (കരകൗശലം) വിഭാഗത്തില്‍ 3 വ്യക്തികള്‍, വനിതാ ശിശു വികസന വിഭാഗത്തില്‍ 6 പേര്‍ എന്നിങ്ങനെയാണ് അതിഥികളുടെ പട്ടിക. റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്കു പുറമേ ഇവര്‍ക്കു ദേശീയ യുദ്ധസ്മാരകം, പിഎം സംഗ്രഹാലയ, ഡല്‍ഹിയിലെ മറ്റു പ്രമുഖ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും മന്ത്രിമാരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.

അതേ സമയം റിപ്പബ്ലിക് ദിന ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് രാജ്യതലസ്ഥാനം. പരമ്പരാഗത കലകള്‍ക്ക് ഒപ്പം സാംസ്‌കാരിക മന്ത്രാലയത്തിന്റെ 'ക്രിയാത്മകമായ സമ്പദ് ഘടന' പ്രമേയമാക്കിയുള്ള നിശ്ചലദൃശ്യവും ഇടംപിടിക്കും. പ്രധാനമന്ത്രിയുടെ ദര്‍ശനമായ 'പൈതൃകത്തിലൂന്നിയ വികസനം' എന്ന ആശയത്തോട് നീതി പുലര്‍ത്തുന്നതാകും നിശ്ചലദൃശ്യം. ഇന്ത്യയുടെ പരമ്പരാഗത കലകള്‍, സിനിമ, കരകൗശലവസ്തുക്കള്‍ തുടങ്ങിയവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നത് എങ്ങനെയെന്ന് ടാബ്ലോയിലൂടെ വ്യക്തമാകും.

ദേശീയതയില്‍ വേരൂന്നിയ ആശയങ്ങളാകും അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ സാംസ്‌കാരിക അടയാളങ്ങളായി മാത്രം കണക്കാക്കുന്ന കലയും കരകൗശലവും ഇന്ത്യയുടെ ജിഡിപിക്ക് നല്‍കുന്നത് വലിയ സംഭവാനകളാണ്. ഇവയാകും പ്രദര്‍ശിപ്പിക്കുകയെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പാരമ്പര്യത്തെ നൂതന രീതിയുമായി സമന്വയിപ്പിക്കുകയാണിവിടെ. സാംസ്‌കാരിക ബിംബങ്ങള്‍ക്കും ലോക സമ്പദ് വ്യവസ്ഥയിലേക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്ന തിരിച്ചറിവ് നല്‍കുകയാണ് ലക്ഷ്യമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആഗോള സ്വാധീനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യവും സര്‍ഗാത്മകതയും സംയോജിപ്പിച്ച് മാതൃകയാവുകയാണ് ഇന്ത്യ. ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആണ് കഴിഞ്ഞ വര്‍ഷം സാംസ്‌കാരിക മന്ത്രാലയത്തിനായി ടാബ്ലോ തയ്യാറാക്കിയത്. ഈ ടാബ്ലോയ്ക്ക് ഒന്നാം സമ്മാനവും കരസ്ഥമാക്കിയിരുന്നു. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിശ്ചലദൃശ്യം.