- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.പിയില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം
യു.പിയില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു
ലക്നൗ: ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 23 പേരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
നിരവധി തൊഴിലാളികളും റെയില്‍വേ ജീവനക്കാരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
റെയില്‍ സ്റ്റേഷനിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം. സംഭവസമയത്ത് 35-ഓളം തൊഴിലാളികളാണ് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കനൗജ് നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയും ഉത്തര്‍പ്രദേശിലെ സാമൂഹിക ക്ഷേമ മന്ത്രിയുമായ അസീം അരുണ്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കുകളുള്ളവര്‍ക്ക് 5,000 രൂപയും സഹായധനം നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
അമൃത് ഭാരത് പദ്ധതി പ്രകാരം റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി രണ്ട് നില കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയായിരുന്നു. പുലര്‍ച്ചെ കെട്ടിടത്തിലെ സീലിങ് സ്ലാബ് ഇടുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് വന്‍ അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും കെട്ടിടത്തിന്റെ വലിയ തോതിലുള്ള അവശിഷ്ടങ്ങള്‍ കാരണം രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. എസ്ഡിആര്‍എഫ്, ജിആര്‍പി, ആര്‍പിഎഫ്, ലോക്കല്‍ പൊലീസ് എന്നീ സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.