പതിനാറുകാരി അതേ ഗ്രാമത്തിലെ യുവാവിനോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; സഹായിച്ചെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു; നഗ്നയാക്കിയ ശേഷം മുടി മുറിച്ചുഅമരാവതി: പതിനാറുകാരിയായ പെണ്‍കുട്ടിയെ കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് യുവതിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചു. യുവതിയെ നഗ്നയാക്കിയ ശേഷം മുടി മുറിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം .

ഒരാഴ്ച മുമ്പാണ് പതിനാറുകാരിയായ പെണ്‍കുട്ടി അതേ ഗ്രാമത്തിലെ യുവാവിനോടൊപ്പം ഒളിച്ചോടിയത്. പിന്നീട് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചു. ഗ്രാമത്തിലെ മറ്റൊരു സ്ത്രീയാണ് ഇവരെ ഒളിച്ചോടാന്‍ സഹായിച്ചതെന്നാരോപിച്ചാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇവരെ ആക്രമിച്ചത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളും മറ്റ് 11 ബന്ധുക്കളും ആരോപണ വിധേയയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ഇവരെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറിയ ശേഷം മുടി മുറിച്ചുകളയുകയുമായിരുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരാണ് യുവതിയെ പെനുകൊണ്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.

മര്‍ദനത്തിനിരയായ സ്ത്രീയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കിയ സ്റ്റേഷന്‍ എസ്.ഐ രാജേഷ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എസ്.ഐ വ്യക്തമാക്കി. ഡി.എസ്.പി വെങ്കിടേശ്വര്‍ലു ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തി.