- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ മത്സരിച്ച 699 സ്ഥാനാര്‍ഥികളില്‍ 555 പേര്‍ക്കും കെട്ടിവെച്ച പണം നഷ്ടമായി; 70ല്‍ 67 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും നാണംകെട്ട തോല്‍വി
ഡല്‍ഹിയില്‍ മത്സരിച്ച 699 സ്ഥാനാര്‍ഥികളില്‍ 555 പേര്‍ക്കും കെട്ടിവെച്ച പണം നഷ്ടമായി
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മത്സരിച്ച 699 സ്ഥാനാര്‍ഥികളില്‍ 555 പേര്‍ക്കും (79.39 ശതമാനം) കെട്ടിവെച്ച പണം നഷ്ടമായി കണക്കുകള്‍. ഇതില്‍ മൂന്ന് സീറ്റുകള്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
2013 വരെ തുടര്‍ച്ചയായി മൂന്ന് തവണ ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് തുടര്‍ച്ചായ മൂന്നാം തവണയാണ് ഒരു സീറ്റു പോലുമില്ലാതെ ദയനീയ പരാജയം ഏറ്റുവാങ്ങുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ രണ്ടുശതമാനത്തിന്റെ വര്‍ധനവുണ്ടെങ്കിലും മത്സരിച്ച 70ല്‍ 67 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവെച്ച തുക കിട്ടിയില്ല.
അഭിഷേക് ദത്ത്, രോഹിത് ചൗധരി, ദേവേന്ദ്ര യാദവ് എന്നിവര്‍ മാത്രമാണ് തുക തിരിച്ചുകിട്ടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. എ.എ.പി, ബി.ജെ.പിയും സഖ്യകക്ഷികളും, ജനതാദള്‍ (യുനൈറ്റഡ്), എല്‍.ജെ.പി (രാം വിലാസ്) എന്നിവയുടെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും രണ്ട് സീറ്റില്‍ മാത്രം മത്സരിച്ച എ.ഐ.എം.ഐ.എമ്മിന്റെ ശിഫാവുറഹ്‌മാന്‍ ഖാനും തുക തിരിച്ചുകിട്ടും.
1951ലെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് പൊതുവിഭാഗത്തില്‍നിന്ന് മത്സരിക്കുന്നയാള്‍ 10,000 രൂപയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ 5,000 രൂപയും തെരഞ്ഞെടുപ്പ് കമീഷനില്‍ കെട്ടിവെക്കണം. തെരഞ്ഞെടുക്കപ്പെടാതിരിക്കുകയും എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ച മൊത്തം സാധുതയുള്ള വോട്ടിന്റെ ആറിലൊന്നില്‍ കൂടുതല്‍ നേടാതിരിക്കുകയും ചെയ്താല്‍ കെട്ടിവെച്ച തുക നഷ്ടമാകും.