ബംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായിരുന്ന ജെ ജയലളിതയുടെ സ്വര്‍ണാഭരണങ്ങള്‍ തമിഴ്‌നാട് വന്‍ സുരക്ഷയില്‍ തല്‍കാലം സൂക്ഷിക്കും. ഈ സ്വര്‍ണ്ണം എന്തു ചെയ്യണമെന്നതില്‍ കരുതലോടെ തീരുമാനം എടുക്കാന്‍ തമിഴ്‌നാട് ഒരുങ്ങുന്നത്.

കര്‍ണാടക പ്രത്യേക കോടതിയാണ് സ്വര്‍ണ്ണം തമിഴ്നാട് സര്‍ക്കാരിന് കൈമാറിയത്. രണ്ട് സ്വര്‍ണ കിരീടങ്ങളും ഒരു സ്വര്‍ണ വാളും ഉള്‍പ്പടെ ഏകദേശം 27 കിലോ സ്വര്‍ണാഭരണങ്ങളാണ് കൈമാറിയത്. 1996ല്‍ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതി റെയ്ഡ് ചെയ്താണ് ഇവ പിടിച്ചെടുത്തത്. ഏകദേശം 21 വര്‍ഷമായി കര്‍ണാടക സംസ്ഥാന ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന ഇവയുടെ പകര്‍പ്പുകള്‍ പുറത്തുവന്നിരുന്നു.

ജയലളിതയ്ക്കെതിരായ 18 വര്‍ഷത്തോളം നീണ്ടുനിന്ന അനധികൃത സ്വത്ത് സമ്പാദന കേസ് ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് മാറ്റി. ജയലളിതയും അവരുടെ അടുത്ത കൂട്ടാളിയായ വി കെ ശശികല, ശശികലയുടെ ബന്ധുക്കളായ വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരുള്‍പ്പെടെ മറ്റ് മൂന്ന് പ്രതികളെയും 2014 ല്‍ ബംഗളൂരു പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 2015 ല്‍ കര്‍ണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കിയെങ്കിലും 2017 ല്‍ സുപ്രീം കോടതി ഉത്തരവ് റദ്ദാക്കി.

ജനുവരി 29 ന് ജയലളിതയുടെ കൈവശമുണ്ടായിരുന്ന എല്ലാ കണ്ടുകെട്ടിയ സ്വത്തുക്കളും തമിഴ്നാട് സര്‍ക്കാരിന് കൈമാറാന്‍ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു. വെള്ളിയാഴ്ച സുപ്രീം കോടതി ജയലളിതയുടെ അനന്തരവള്‍ ജെ ദീപയും അനന്തരവന്‍ ജെ ദീപക്കും സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജയലളിതയുടെ മരണശേഷം നടപടികള്‍ അവസാനിപ്പിച്ചു എന്നതുകൊണ്ട് അവര്‍ കുറ്റകൃത്യത്തില്‍ നിന്ന് കുറ്റവിമുക്തയായി എന്നല്ല അര്‍ത്ഥമാക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.

ജയലളിതയുടെ 1,526.16 ഏക്കറിലുള്ള സ്വത്തുക്കളും 27 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടുകെട്ടണമെന്ന് വിചാരണാ കോടതി നിര്‍ദ്ദേശിച്ചിരുന്നു.