ചെന്നൈ: വെല്ലൂരില്‍ വനിതാ ഡോക്ടറെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് 20 വര്‍ഷം തടവും 23,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ബിഹാര്‍ സ്വദേശിനിയായ ഡോക്ടര്‍ 2022 മാര്‍ച്ചിലാണ് പീഡനത്തിനിരയായത്. കേസില്‍ 17 വയസ്സുകാരനെയാണ് വെല്ലൂര്‍ പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റു 4 പ്രതികള്‍ക്ക് കഴിഞ്ഞ ജനുവരിയില്‍ 20 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

ബിഹാര്‍ സ്വദേശിനിയായ ഡോക്ടറും മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ സഹപ്രവര്‍ത്തകനും കാട്പാടിയില്‍ സിനിമ കണ്ട് ഷെയര്‍ ഓട്ടോയില്‍ മടങ്ങിയപ്പോഴായിരുന്നു അതിക്രമം. ഓട്ടോയിലുണ്ടായിരുന്ന മറ്റ് 4 പേരും ഡ്രൈവറും ചേര്‍ന്ന് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു. തുടര്‍ന്ന് യുവതിയെ പീഡിപ്പിച്ചു.

40,000 രൂപയും രണ്ട് പവന്‍ സ്വര്‍ണാഭരണവും പ്രതികള്‍ കവര്‍ന്നു. ബിഹാറിലേക്കു മടങ്ങിയ യുവതി വെല്ലൂര്‍ എസ്പിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതിയിലാണു പ്രതികളെ പിടികൂടിയത്. മോഷണ വസ്തുക്കളും കണ്ടെടുത്തു.