ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍. റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഗോതമ്പാണ് വില്ലനായത്. ഈ ഗോതമ്പില്‍ ഉയര്‍ന്ന അളവില്‍ സെലീനിയം എന്ന മൂലകം അടങ്ങിയിരുന്നെന്നും ഇതാണ് മുടികൊഴിച്ചിലിന് കാരണമായതെന്നും റായ്ഗഡിലെ ബവാസ്‌കര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എംഡി ഡോ. ഹിമ്മത് റാവു ബവാസ്‌കര്‍ പറഞ്ഞു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തതാണ് ഈ ഗോതമ്പ്്.

2024 ഡിസംബര്‍ മുതല്‍ 2025 ജനുവരി വരെ ബുല്‍ധാനയിലെ 18 ഗ്രാമങ്ങളില്‍ നിന്നുള്ള 279 പേരുടെ മുടിയാണ് അസാധാരണമായി കൊഴിഞ്ഞത്. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഗോതമ്പിനുള്ളില്‍ ഉള്ളതിനേക്കാള്‍ 600 മടങ്ങ് കൂടുതലാണ് ഇറക്കുമതി ചെയ്ത ഗോതമ്പിലെ സെലീനിയത്തിലെ അളവ്. പ്രാദേശിക റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത ഈ ഗോതമ്പ് ഭക്ഷിച്ചതാകാം മുടികൊഴിച്ചിലിന് കാരണമായത്. പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലുദിവസത്തിനകം ആളുകളുടെ മുടി പൂര്‍ണമായും കൊഴിഞ്ഞു.'' ഹിമ്മത് റാവു പറഞ്ഞു.

രക്തം, മൂത്രം, മുടി എന്നിവയില്‍ സെലീനിയത്തിന്റെ സാന്നിധ്യം യഥാക്രമം 35 മടങ്ങ്, 60 മടങ്ങ്, 150 മടങ്ങ് വര്‍ധിച്ചതായും ഹിമ്മത് റാവു പറയുന്നു. രോഗ ബാധിതരുടെ ശരീരത്തില്‍ സിങ്കിന്റെ അളവ് കുറയുകയും സെലീനിയത്തിന്റെ അളവ് കൂടിയതുമാണ് രോഗാവസ്ഥയ്ക്ക് കാരണമായതെന്ന് പഠനത്തില്‍ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ മെറ്റബോളിസം നിലനിര്‍ത്തുന്നതിന് കുറഞ്ഞ അളവില്‍ സെലീനിയം അത്യന്താപേക്ഷികമാണ്. ഇതിന്റെ അളവ് കൂടിയതാണ് മുടികൊഴിച്ചിലിന് കാരണമായത്.