ചണ്ഡിഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഓപ്പണറുമായ വിരേന്ദര്‍ സെവാഗിന്റെ സഹോദരന്‍ വിനോദ് സെവാഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ഏഴ് കോടിയുടെ ചെക്ക് ബൗണ്‍സ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്തതിനാണ് അറസ്റ്റ്.

2023ലാണ് വിനോദിനെയും വിഷ്ണു മിത്തല്‍, സുധീര്‍ മല്‍ഹോത്ര എന്നിവരെയും കോടതി വിളിപ്പിച്ചത്. ഇവരും അറസ്റ്റിലായിട്ടുണ്ട്. മൂവരും ഫൂഡ് ആന്‍ഡ് ബിവറേജസ് കമ്പനിയായ ക്‌സാള്‍ട്ടയുടെ ഡയറക്ടര്‍മാരാണ്. ശ്രീ നൈന പ്ലാസ്റ്റിക്‌സ് എന്ന കമ്പനിയുടെ ഉടമയായ കൃഷ്മമോഹന്‍ ഖന്നയാണ് വിനോദിനും പങ്കാളികള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്.

തന്റെ ഫാക്ടറിയില്‍നിന്ന് ഏഴ് കോടിയുടെ സാധനങ്ങള്‍ വാങ്ങിയ ക്‌സാള്‍ട്ട കമ്പനി ഉടമകള്‍ ചെക്ക് ഉപയോഗിച്ചാണ് പേയ്‌മെന്റ് നടത്തിയതെന്നും എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങിയെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. ഒരുകോടിയുടെ ഏഴ് ചെക്കുകളാണ് കമ്പനി കൈമാറിയത്, വിനോദിനും പങ്കാളികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചെങ്കിലും അവര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് വിവരം.