ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിച്ചേക്കും. ചൊവ്വാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷറുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ചേരും. ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഈ യോഗത്തില്‍ ഉണ്ടായേക്കും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വിളിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും നിയമനിര്‍മാണ വകുപ്പിലെയും സെക്രട്ടറിമാര്‍ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ലെജിസ്ലേറ്റീവ് സെക്രട്ടറി രാജീവ് മണി, യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ എന്നിവരും മാര്‍ച്ച് 18ന് ചേരുന്ന ചര്‍ച്ചയുടെ ഭാഗമാകും.

പല സംസ്ഥാനങ്ങളിലും വോട്ടര്‍ നമ്പറില്‍ ക്രമക്കേട് സംഭവിച്ചതായും ഇരട്ട വോട്ടര്‍ ഐഡി നമ്പര്‍ ആരോപണവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.