ലക്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19 വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഒരാഴ്ചയ്ക്കിടെ 22 പേരാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സൂഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ ആണ് യുവാക്കളുടെ സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളില്‍ ആറു പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്.

വടക്കന്‍ വാരണാസിയിലെ ലാല്‍പൂര്‍ പ്രദേശത്തെ താമസക്കാരിയായ പെണ്‍കുട്ടി മാര്‍ച്ച് 29നാണ് സുഹൃത്തിന്റൈ വീട്ടിലേക്ക് പോയത്. വീട്ടിലേക്കു മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 4നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അതേ ദിവസം തന്നെ തട്ടിക്കൊണ്ടുപോയവര്‍ പെണ്‍കുട്ടിക്കു ലഹരിമരുന്ന് നല്‍കി പാണ്ഡെപുര്‍ എന്ന പ്രദേശത്ത് ഇറക്കിവിട്ടു.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി സംഭവിച്ച കാര്യങ്ങള്‍ പങ്കുവച്ചതിനെ തുടര്‍ന്ന്, ഏപ്രില്‍ 6ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഹുക്ക ബാര്‍, ഹോട്ടല്‍, ലോഡ്ജ്, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍വച്ചാണ് ലൈംഗികാതിക്രമം നടന്നത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.