- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിയാഖത് അലിയുടെ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് ഒലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത് തിരിച്ചടിയായി; ഇഗ്നോ പ്രൊഫസറെ സൈനികര്‍ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷണത്തിന് സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തി ഗ്രാമമായ ലാമില്‍ വച്ച് ഇഗ്നോ പ്രൊഫസറെ സൈനികര്‍ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കരസേന. പ്രൊഫസര്‍ ലിയാഖത് അലിയെ പ്രകോപനം കൂടാതെ സൈനികര്‍ മര്‍ദ്ദിച്ചെന്ന പരാതിയാണ് ഉയര്‍ന്നത്. എന്നാല്‍ പരിശോധനയ്ക്ക് ഇടയില്‍ സൈനികരുടെ ആയുധം ലിയാഖത് അലി പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് സൈനികര്‍ പറയുന്നത്.
ലിയാഖത് അലിയുടെ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് ഒലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് കരസേന ഉത്തരവിട്ടത്. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഓപ്പണ്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലിയാഖത് അലി. വാഹനത്തില്‍ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആയിരുന്നു. ഇതില്‍ രണ്ടുപേര്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലും രണ്ടുപേര്‍ കരസേനയിലും ജോലി ചെയ്യുന്നവര്‍ ആണ്. സഹോദരിയുടെ വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ ലാമില്‍ എത്തിയത്.
വ്യാഴാഴ്ച രാത്രി ജമ്മുവിലെ രജൗരി ജില്ലയില്‍ ആയിരുന്നു സംഭവം. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ നൗഷേരയിലെ ഗ്രാമമായ ലാമില്‍ ഭീകരര്‍ വാഹനത്തില്‍ സഞ്ചരിക്കുന്നുവെന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഹനപരിശോധന സൈന്യം ശക്തമാക്കി. പരിശോധനയ്ക്കായി ലിയാഖത് അലിയുടെ വാഹനവും തടഞ്ഞിരുന്നു. ഇതിനെ അലി എതിര്‍ത്തു. തുടര്‍ന്ന് സൈനികരുമായി ലിയാഖത് അലി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അവരുടെ ആയുധം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് സൈന്യം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് സൈനിക വക്താവ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോ പുറത്തു വന്നത് സൈന്യത്തിന് വിനയായി.
ഏതെങ്കിലും സൈനികന്‍ അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയാല്‍ നിയമം അനുശാസിക്കുന്ന ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരസേന വ്യക്തമാക്കി. തന്ത്രപ്രധാനമായ മേഖലയിലെ സുരക്ഷയ്ക്ക് എല്ലാവരും സൈനികരുമായി സഹകരിക്കണമെന്നും കരസേന ആവശ്യപ്പെട്ടു.