ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗികവസതിയില്‍ പണം കണ്ടിരുന്നതായി മൊഴി നല്‍കി അഗ്നിരക്ഷാ സേനയും പോലിസും. വീട്ടില്‍ പണമുണ്ടായിരുന്നെന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതിക്കുമുന്‍പാകെ പോലീസും അഗ്‌നിരക്ഷാസേനയും നല്‍കിയ മൊഴിയെന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. മുന്‍പ് പണമൊന്നും കണ്ടെത്തിയെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു അഗ്‌നിരക്ഷാസേനാ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞത്.

ഡല്‍ഹി പോലീസ് കമ്മിഷണര്‍ സഞ്ജയ് അറോറ, ഡിസിപി ദേവേഷ് മഹല, അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിക്കുമുന്‍പാകെ മൊഴിനല്‍കിയത്. കണ്ടെത്തിയ പണം എന്തുകൊണ്ട് പിടിച്ചെടുത്തില്ല, സംഭവം ആദ്യം കണ്ടെത്തിയവരുടെ വീഡിയോ ക്ലിപ്പുകള്‍ എന്തുകൊണ്ട് ഇല്ലാതാക്കി എന്നീ ചോദ്യങ്ങളും സമിതി പ്രത്യേകം ചോദിച്ചു.

സംഭവത്തെത്തുടര്‍ന്ന് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 14-നാണ് വര്‍മയുടെ വസതിയില്‍ തീപ്പിടിത്തമുണ്ടായതും പണം കണ്ടെത്തിയ വിവരം പുറത്തായതും. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തില്ലെന്നും അതിനാല്‍ പണം പിടിച്ചെടുത്തില്ലെന്നും സമിതിയെ പോലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗികവസതിയില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണസമിതിയെ നിയോഗിച്ചത്.