- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതകവശാല്‍ അപകടസാധ്യതയെന്ന് ജോത്സ്യന്; ജോലിക്ക് ഹാജരാവാതിരുന്ന കണ്ടക്ടറെ പിരിച്ചു വിട്ട നടപടി ശരിവെച്ച് മദ്രാസ് ഹൈക്കോടതി
ജാതകദോഷം ഭയന്ന് ജോലിക്കു വന്നില്ല; കണ്ടക്ടറെ പിരിച്ചുവിട്ടത് ശരിവെച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ജാതകവശാല്‍ അപകടസാധ്യതയുണ്ടെന്ന ജോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്ന് ജോലിയില്‍നിന്ന് വിട്ടുനിന്ന ബസ് കണ്ടക്ടറെ പിരിച്ചുവിട്ട നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ജ്യോതിഷ പ്രവചനം കണക്കിലെടുത്ത് ജോലിക്കു ഹാജരായില്ലെന്ന വാദം തികച്ചും അസ്വീകാര്യമാണെന്ന് ജസ്റ്റിസ് എ.ഡി. മരിയ ക്ലെറ്റെ വ്യക്തമാക്കി. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ സേലം ഡിവിഷനില്‍ കണ്ടക്ടറായിരുന്ന സേലം ജില്ലയിലെ ആത്തൂര്‍ സ്വദേശി എ. സെന്താമരക്കണ്ണന്‍ ആണ് ജോത്സ്യന്റെ പ്രവചനം ഭയന്ന് ജോലിയില്‍ നിന്നും വിട്ടു നിന്നത്.
2014-ല്‍ കുറേദിവസം തുടര്‍ച്ചയായി ഇദ്ദേഹം ജോലിക്കെത്തിയില്ല. അനധികൃതമായി ജോലിയില്‍നിന്ന് വിട്ടുനിന്നതിന് 2015 മാര്‍ച്ച് 27-ന് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഇതിനെതിരേ സെന്താമരക്കണ്ണന്‍ ലേബര്‍ കോടതിയില്‍ പോയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ജാതക പ്രകാരം 2014 ഫെബ്രുവരി 16 മുതല്‍ അപകടമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നെന്നും ഗുരുപ്പെയര്‍ച്ചി അഥവാ വ്യാഴമാറ്റത്തിനു ശേഷമേ അതൊഴിവാകൂ എന്നായിരുന്നു ഉപദേശമെന്നും സെന്താമരക്കണ്ണന്‍ ട്രാന്‍സ്‌പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നു.
അപകടമൊഴിവാക്കുന്നതിനാണ് ദോഷകാലത്ത് ജോലിയില്‍നിന്ന് വിട്ടുനിന്നത്. ഹര്‍ജിക്കാരന്റെ വാദം അസ്വീകാര്യമാണെന്ന ലേബര്‍ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. മഞ്ഞപ്പിത്തം കാരണമാണ് ജോലിക്കു വരാന്‍ പറ്റാതിരുന്നതെന്ന് സെന്താമരക്കണ്ണന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ജാതകദോഷം ഭയന്ന് വിട്ടുനിന്നതാണെന്ന് കാണിച്ച് നേരത്തേ നല്‍കിയ സത്യവാങ്മൂലം തെളിവായെടുത്ത കോടതി ഈ വാദം തള്ളി.