ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. നാളെ മുതല്‍ വെള്ളിയാഴ്ച വരെയാണ് രാജസ്ഥാന്‍, ഗുജറാത്ത് മേഖലയിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം യുദ്ധാഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ വ്യോമസേന തീരുമാനിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി നോട്ടാം ( NOTAM- Notice to Airmen) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ച മേഖലയില്‍ മറ്റ് യാത്രാ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ഉണ്ടായിരിക്കില്ല.

അതേസമയം ഇന്നും നാളെയും യുദ്ധാഭ്യാസം നടത്താന്‍ പാകിസ്താന്‍ വ്യോമസേനയും നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യോമസേനയുടെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ആണ് യുദ്ധാഭ്യാസം നടത്തുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നുവെങ്കിലും അതിര്‍ത്തി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണെന്നാണ് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും വ്യോമസേനകള്‍ യുദ്ധാഭ്യാസം നടത്തുന്നത് എന്നാണ് സൂചന. രാജ്യാന്തര അതിര്‍ത്തിയില്‍ ബാര്‍മര്‍ മുതല്‍ ജോധ്പുര്‍ വരെയുള്ള മേഖലയില്‍ നടക്കുന്ന സൈനിക അഭ്യാസ പ്രകടനത്തില്‍ റഫാല്‍, മിറാഷ് 2000, സുഖോയ്-30 യുദ്ധ വിമാനങ്ങളും ,വ്യോമ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും.

പാകിസ്താനില്‍ മധ്യ, ദക്ഷിണ മേഖലകളില്‍ ആണ് ഇന്നും നാളെയും പാക് വ്യോമ സേന യുദ്ധാഭ്യാസം നടത്തുന്നത്. മെയ് 7 മുതല്‍ 10 വരെ നീണ്ടു നിന്ന ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളിലെയും വ്യോമ, നാവിക സേനകള്‍ വ്യത്യസ്ത യുദ്ധ, സൈനിക അഭ്യാസങ്ങള്‍ നടത്തിയിരുന്നു.