- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഴ്സിഡസ് കാര്‍ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി കേടായി; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് നോട്ടീസ് നല്‍കി കാര്‍ ഉടമ
മെഴ്സിഡസ് കാര്‍ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി കേടായി; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാര്‍ ഉടമ
ഗാസിയാബാദ്: അറുപത് ലക്ഷം രൂപയുടെ ആഡംബര കാര്‍ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി കേടായതിനെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് നോട്ടീസ് നല്‍കി കാര്‍ ഉടമ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കാര്‍ വെള്ളം നിറഞ്ഞ റോഡില്‍ കുടുങ്ങിയതിനാലാണ് തകരാറിലായതെന്ന് കാണിച്ച് അമിത് കിഷോര്‍ എന്ന യുവാവാണ് മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ തന്റെ അപ്പീലില്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കാര്‍ ഉടമ നഗരസഭയ്ക്ക് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി.
മണിക്കൂറുകളോളം റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയതിനാല്‍ കാറിന് സാങ്കേതിക തകരാര്‍ സംഭവിച്ചതായി ഇയാള്‍ ആരോപിച്ചു. ജൂലൈ 23 ന് രാവിലെ ലജ്പത് നഗറില്‍ വെള്ളത്തില്‍ കുടുങ്ങിപ്പോകുന്നതുവരെ തന്റെ മെഴ്സിഡസ് ജിഎല്‍എ 200ഡി നന്നായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കാര്‍ ഉടമ അമിത് കിഷോര്‍ പറഞ്ഞു. കാര്‍ ഏകദേശം രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടക്കുകയും കേടാകുകയും ചെയ്തു. നോയിഡയിലെ ഒരു സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകാന്‍ ക്രെയിന്‍ വിളിക്കേണ്ടി വന്നു. അറ്റകുറ്റപ്പണികള്‍ക്ക് ഏകദേശം 5 ലക്ഷം രൂപ ചിലവാകുമെന്നും അദ്ദേഹം പറഞ്ഞു. 2018 ല്‍ 60 ലക്ഷം രൂപയ്ക്കാണ് കാര്‍ വാങ്ങിയത്.
റോഡുകളുടെയും അഴുക്കുചാലുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടുവെന്നും ഇത് സാമ്പത്തികമായും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം, വെള്ളക്കെട്ട് നാശനഷ്ടങ്ങള്‍ക്ക് കാരണമായെന്ന് കാര്‍ ഉടമ തെളിയിക്കേണ്ടതുണ്ടെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ വിക്രമാദിത്യ മാലിക് പറഞ്ഞു. അതേ റോഡിലെ മറ്റ് വാഹനങ്ങളെയും ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ദിവസം വളരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.