വസായ്: ആദ്യപിറന്നാള്‍ ആഘോഷത്തിനിടെ കെട്ടിടം തകര്‍ന്ന് കുഞ്ഞും അമ്മയും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. വിജയ് നഗറില്‍ 50 ഫ്‌ലാറ്റുകളുള്ള രാം ഭായി സമുച്ചയത്തിലെ 12 ഫ്‌ലാറ്റുകള്‍ അടങ്ങിയ നാലു നില വിങ്ങാണു അപ്രതീക്ഷിതമായി തകര്‍ന്ന് വീണത്. ബുധനാഴ്ച പുലര്‍ച്ചെ 12.05നു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലേക്കാണ് കെട്ടിടം പതിച്ചത്. ഫ്‌ലാറ്റില്‍ ഒരു വയസുകാരി ഉത്കര്‍ഷ ജോയിലിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനിടെയാണു ദുരന്തം.

പിറന്നാളാഘോഷിക്കുന്ന കുഞ്ഞും അമ്മ അരോഹി ഓംകാറും (24) വീട്ടുകാരും അതിഥികളും മറ്റുള്ളവരും ഉള്‍പ്പെടെ 17 പേരാണു മരിച്ചത്. ഇന്നലെ പകല്‍ വരെ നീണ്ട തിരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് ആറുപേരെ രക്ഷിച്ചു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

13 വര്‍ഷം മുന്‍പു നിര്‍മിച്ച കെട്ടിടത്തിനു പ്രത്യക്ഷത്തില്‍ ഗുരുതരമായ തകരാറുകളുണ്ടായിരുന്നില്ലെന്നും അത്തരമൊരു കെട്ടിടം പൊടുന്നനെ തകര്‍ന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. കെട്ടിട നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായും വീട് നഷ്ടപ്പെട്ടവര്‍ക്കു താല്‍ക്കാലിക താമസസൗകര്യം ഒരുക്കിയതായും വസായ്‌വിരാര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.