ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2025ലെ വെള്ളപ്പൊക്കം. ഏകദേശം 850ലധികം ആളുകള്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ ഇരുപത് ലക്ഷത്തിലധികം പേരെ നേരിട്ട് ബാധിച്ച വെള്ളപ്പൊക്കത്തെ നിസാരവത്കരിച്ച് അതി വിചിത്രമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. വെള്ളപ്പൊക്കം ദൈവാനുഗ്രഹമാണെന്നും, വെള്ളം അധികമുണ്ടെങ്കില്‍ സംഭരിച്ചുവെക്കൂ എന്നുമായിരുന്നു ഖവാജ ആസിഫിന്റെ പ്രസ്താവന.

വെള്ളപ്പൊക്കം വരുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പാകിസ്ഥാനികള്‍ വെള്ളം അഴുക്കുചാലുകളിലേക്ക് വിടുന്നതിനുപകരം പാത്രങ്ങളില്‍ സംഭരിക്കണമെന്നാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. വെള്ളപ്പൊക്കത്തെ ഒരു 'അനുഗ്രഹമായി' കാണാനും മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ആയിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു.

പാക് മാധ്യമമായ ദുനിയ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഖവാജ ആസിഫിന്റെ പ്രസ്താവന. 'വെള്ളപ്പൊക്ക സമാനമായ സാഹചര്യത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകള്‍ വെള്ളപ്പൊക്കം വീട്ടിലേക്ക് കൊണ്ടുപോകണം. ഈ വെള്ളം അവരുടെ വീടുകളിലും, ടബ്ബുകളിലും, പാത്രങ്ങളിലും സൂക്ഷിക്കണം. ഈ വെള്ളത്തെ ഒരു അനുഗ്രഹമായി കണ്ട്, അത് സംഭരിക്കണം' ഖവാജ പറഞ്ഞു.

വന്‍കിട പദ്ധതികള്‍ക്കായി 10-15 വര്‍ഷം കാത്തിരിക്കുന്നതിനുപകരം, വേഗത്തില്‍ പൂര്‍ത്തിയാകുന്ന ചെറിയ അണക്കെട്ടുകള്‍ പാകിസ്ഥാന്‍ നിര്‍മിക്കണമെന്നും ആസിഫ് നിര്‍ദേശിച്ചു. 'നമ്മള്‍ വെള്ളം അഴുക്കുചാലിലേക്ക് വിടുകയാണ്. അത് നിര്‍ത്തി ഡാമുകള്‍ നിര്‍മിച്ച് വെള്ളം സംഭരിക്കണം,' മന്ത്രി പറഞ്ഞു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ദുരിതത്തിലായെ്‌നാണ് പഞ്ചാബ് ഇന്‍ഫര്‍മേഷന്‍ മന്ത്രി അസ്മ ബൊഖാരിയുടെ പ്രസ്താവന. പാകിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) കണക്കുകള്‍ പ്രകാരം, ജൂണ്‍ 26 മുതല്‍ ഓഗസ്റ്റ് 31 വരെ, വെള്ളപ്പൊക്കത്തില്‍ 854 പാകിസ്ഥാനികള്‍ മരിക്കുകയും 1,100 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.