- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂട്ടിക്കിടന്ന വീടിനുള്ളില്‍ അഞ്ചു വയസുകാരന്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍; ഒന്നര വയസുകാരന്‍ അബോധാവസ്ഥയിലും; കുട്ടികളുടെ അമ്മയെ കാണാനില്ല: അമ്മയുടെ ആണ്‍സുഹൃത്ത് ഒളിവില്‍
പൂട്ടിക്കിടന്ന വീടിനുള്ളില്‍ അഞ്ചു വയസുകാരന്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍
നാഗര്‍കോവില്‍: പൂട്ടിക്കിടന്ന വീടിനുള്ളില്‍ അഞ്ചു വയസുകാരനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ധ സഹോദരനായ ഒന്നര വയസ്സുകാരനെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തി. അഞ്ചുഗ്രാമത്തിനു സമീപം പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ നിന്നാണ് രണ്ട് കുരുന്നുകളെയും പോലിസ് കണ്ടെത്തിയത്.
കുമാരപുരം തോപ്പൂര്‍ സ്വദേശി സുന്ദരലിംഗം സെല്‍വി ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. സെല്‍വിക്ക് മറ്റൊരാളില്‍ ഉണ്ടായ കുട്ടിയാണ് ഒന്നര വയസുകാരന്‍.
കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞ ശേഷം നാട്ടുകാരനായ സെല്‍വമദന്റെ ഒപ്പമാണ് സെല്‍വി താമസിച്ചിരുന്നത്. ഈ ബന്ധത്തില്‍ ജനിച്ച ഒന്നര വയസ്സുകാരനാണ് അബോധാവസ്ഥയിലുള്ളത്. സെല്‍വമദന്‍ ഒളിവിലാണ്. കഴിഞ്ഞ മാസം 2ന് സെല്‍വിയെ കാണാതായെന്ന് സെല്‍വമദന്‍ അഞ്ചുഗ്രാമം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം കുട്ടികളെ സംരക്ഷിച്ചിരുന്നത് സെല്‍വമദനാണ്. 31നാണ് ഇയാളെ കാണാതാവുന്നത്.
കുട്ടികളുമായി ഇയാള്‍ എവിടെ എങ്കിലും പോയതാകുമെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധമുയര്‍ന്നതോടെ അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി വാതില്‍ തകര്‍ത്തു നോക്കിയപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്. അബോധാവസ്ഥയിലുള്ള കുട്ടി ചികിത്സയിലാണ്. മൂന്നു ദിവസം ഭക്ഷണവും വെള്ളവും ലഭിക്കാഞ്ഞതാണ് കുഞ്ഞിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാക്കിയതെന്നു കരുതുന്നു. ഡിവൈഎസ്പി ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.