- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല വെബ് സൈറ്റുകളില്‍ ഉള്‍പ്പെടെ ചിത്രങ്ങളും വീഡിയോയും നിര്‍മ്മിത ബുദ്ധി സഹായത്തോടെ സൃഷ്ടിക്കുന്നു; ഐശ്വര്യാ റായിയ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും ഡല്‍ഹി ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: അശ്ലീല വെബ് സൈറ്റുകളില്‍ ഉള്‍പ്പെടെ ചിത്രങ്ങളും വീഡിയോയും നിര്‍മ്മിത ബുദ്ധി സഹായത്തോടെ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതായി കാണിച്ച് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതേ പരാതിയുമായി ഭാര്യ ഐശ്വര്യ റായിയും കോടിതിയെ സമീപിച്ചതിന് തൊട്ട് പിറകെയാണ് ഹര്‍ജി. വ്യാപാര ഉത്പന്നങ്ങള്‍ക്കായി തങ്ങളുടെ സെലിബ്രിറ്റി ചൂഷണം ചെയ്യുന്നതും പരാതിയില്‍ ആരോപിച്ചു. പരസ്യ, വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും വെബ്സൈറ്റുകളും പ്ലാറ്റ്ഫോമുകളും ചിത്രം, സാദൃശ്യം, വ്യക്തിത്വം, ലൈംഗികത പ്രകടമാക്കുന്ന വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വ്യാജ വീഡിയോകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തടയണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
പ്രതികള്‍ നടന്റെ എഐ ജനറേറ്റഡ് വീഡിയോകള്‍ സൃഷ്ടിക്കുകയും അദ്ദേഹം ഒപ്പിട്ട വ്യാജ ഫോട്ടോകളും ലൈംഗികത പ്രകടമാക്കുന്ന വസ്തുക്കളും സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് ബച്ചനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ പ്രവീണ്‍ ആനന്ദ് പറഞ്ഞു. ഗൂഗിള്‍, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ നിന്ന് ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ വെബ്സൈറ്റ് ലിങ്കുകളും നീക്കം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഐശ്വര്യറായ് നല്‍കിയ പരാതിയില്‍ ഒട്ടേറെ വെബ്സൈറ്റുകള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും നിര്‍മിതബുദ്ധി ഉപയോഗിച്ച് മോര്‍ഫ്‌ചെയ്ത അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതായും ബോധിപ്പിച്ചു. ഡീപ്ഫേക്ക് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുകയാണെന്നും അനുമതിയില്ലാതെ നടിയുടെ ചിത്രം പതിപ്പിച്ച ടി-ഷര്‍ട്ടുകളും കപ്പുകളിലും മറ്റും ഉപയോഗിച്ച് കച്ചവടം ചെയ്യുന്നതായും പരാതിപ്പെട്ടു.
ആവശ്യപ്പെട്ട പരിഹാരങ്ങള്‍ വിപുലമായതിനാല്‍, ഓരോ പ്രതിക്കെതിരെയും വെവ്വേറെ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ഒരു പൊതുവായ ഉത്തരവ് സാധ്യമാണെങ്കില്‍ അത് പുറപ്പെടുവിക്കും, അല്ലാത്തപക്ഷം നിരോധന ഉത്തരവുകള്‍ വെവ്വേറെ നല്‍കും എന്നും പറഞ്ഞു. അമിതാഭ് ബച്ചന്‍, നടന്മാരായ അനില്‍ കപൂര്‍, ജാക്കി ഷ്രോഫ് എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികള്‍ മുമ്പ് പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.