ഗാസിയബാദ്: മുത്തശ്ശിയുടെ വീട്ടിലെത്തിയ 14 കാരിയുടെ വീഡിയോ രഹസ്യമായി ചിത്രീകരിക്കുകയും ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത് സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെയടക്കം സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതിയായ ജാനെ അലത്തിനെ (20) മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തര്‍ക്കത്തിനൊടുവില്‍ 14 കാരിയെ ജാനെ അലം ആക്രമിക്കുകയായിരുന്നു.

ഗാസിയാബാദിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു 14 കാരി. പ്രതി കുട്ടിയുടെ വിഡിയോ രഹസ്യമായി ചിത്രീകരിക്കുകയും ഗ്രാമത്തിലെ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇക്കാര്യം പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ തര്‍ക്കമുണ്ടായി. ഫോണ്‍ കാണണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ പ്രതി കഴുത്തിന് പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പ്രദേശത്തെ സിസിടിവി ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്തിരുന്നു. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം പ്രതി പിടിയിലായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണ് പ്രതിയുടെ വലതുകൈക്ക് പരിക്കേറ്റിട്ടുണ്ട്.