ലക്‌നൗ: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ അകന്നുനില്‍ക്കണമെന്ന വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണു ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞത്്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ നിന്ന് വിദ്യാര്‍ഥിനികള്‍ വിട്ടു നില്‍ക്കണമെന്നും അല്ലെങ്കില്‍ 50 കഷ്ണമായേക്കാം എന്നും ഗവര്‍ണര്‍ പറഞ്ഞു.

''എനിക്ക് പെണ്‍കുട്ടികളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. എന്നാല്‍, നിങ്ങള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണം. എന്താണ് സംഭവിക്കുകയെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ട്, 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം'' ഗവര്‍ണര്‍ പറഞ്ഞു. പങ്കാളികള്‍ തമ്മില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും ഗവര്‍ണര്‍ സംസാരിച്ചു. ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുകയാണ്. നമ്മുടെ പെണ്‍കുട്ടികള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴും ഞാന്‍ ആലോചിക്കും. ഇത് എന്നെ വേദനിപ്പിക്കുന്നു'' ഗവര്‍ണര്‍ വിശദീകരിച്ചു.

ഇതു രണ്ടാം തവണയാണ് സര്‍വകലാശാല പരിപാടിയില്‍ വച്ച് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് ഗവര്‍ണര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഇത്തരം ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്, രണ്ട് ദിവസം മുമ്പ് ബല്ലിയയിലെ ജനനായക് ചന്ദ്രശേഖര്‍ സര്‍വകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ സംസാരിച്ചിരുന്നു.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളുടെ പ്രത്യാഘാതങ്ങള്‍ അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ വെളിപ്പെടുമെന്നായിരുന്നു അന്നു ഗവര്‍ണര്‍ പറഞ്ഞത്. 15-നും 20-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ഒരു വയസ്സായ കുഞ്ഞുങ്ങളെയും കൊണ്ട് ക്യൂവില്‍ നില്‍ക്കുന്നതു കാണാന്‍ കഴിയുമെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.