മുംബൈ: ഹിന്ദു പെണ്‍കുട്ടികള്‍ അപരിചിതരുടെ ജിമ്മില്‍ പോകരുതെന്നും വീട്ടിലിരുന്ന് യോഗ ചെയ്യണമെന്നുമുള്ള വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. ബീഡില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെ മഹാരാഷ്ട്ര എംഎല്‍എ ഗോപിചന്ദ് പഠ്ലാക്കര്‍ ആണ് വിവാദ പരാമര്‍ശവുമയി രംഗത്ത് എത്തിയത്. പെണ്‍കുട്ടികളെ വഴിതെറ്റിക്കാനും വഞ്ചിക്കാനും ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതുകാരണമാണ് ജിമ്മില്‍ പോകരുതെന്നു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പെണ്‍കുട്ടികള്‍ക്കെതിരെ വലിയൊരു ഗൂഢാലോചനയാണ് നടക്കുന്നത്. അത് നന്നായി മനസ്സിലാക്കണം. നന്നായി സംസാരിക്കുന്നവരെയും പെരുമാറുന്നവരെയും പെട്ടെന്ന് വിശ്വസിക്കരുത്. ജിമ്മിലെ ട്രെയ്‌നര്‍മാരെ ശ്രദ്ധിക്കണം. വീട്ടില്‍ ജിമ്മില്‍ പോകുന്ന യുവതികളുണ്ടെങ്കില്‍ അവരെ ഉപദേശിക്കണം. പെണ്‍കുട്ടികള്‍ വീട്ടിലിരുന്ന് യോഗ ചെയ്താല്‍ മതി. ജിമ്മില്‍ പോകേണ്ട ആവശ്യമില്ല. കാരണം, ജിമ്മിലുള്ളവര്‍ നിങ്ങളെ വഞ്ചിക്കും. നിങ്ങളോട് അനീതി കാണിക്കും'പഠ്ലാക്കര്‍ പറഞ്ഞു.

കോളജുകളില്‍ ഐഡന്റിറ്റി കാര്‍ഡില്ലാതെ വരുന്നവരെ തടയണമെന്നും അവരെ അകത്തേക്ക് വിടരുതെന്നും പഠ്ലാക്കര്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമല്ല, പഠ്ലാക്കര്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. സെപ്റ്റംബറില്‍ എന്‍സിപിഎസ്പി നേതാവ് ജയന്ത് പട്ടീലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത് വലിയ വിവാദമായിരുന്നു.