- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍ഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ അപ്രതീക്ഷിത സംഭവം; യാത്രക്കാരന്റെ ബാഗിലെ പവര്‍ ബാങ്കിന് തീപിടിച്ചു
യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ യാത്രക്കാരന്റെ പവര്‍ ബാങ്കിന് തീപിടിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും ദിമപുറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരെയും വിമാന ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. ക്യാബിന് ക്രൂ അംഗങ്ങള്‍ ഉടനടി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി,
ഇന്‍ഡിഗോയുടെ 6ഇ 2107 എന്ന വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടയിലാണ് അപകടം. തുടര്‍ന്ന് ക്യാബിന് ക്രൂ അംഗങ്ങള്‍ തീകെടുത്തി. ആര്‍ക്കും പരിക്കുകളില്ലെന്നും യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും ഇന്‍ഡിഗോ വിമാനത്തിന്റെ വക്താവ് അറിയിച്ചു.
''അപകടം നടന്ന ഉടനെ ജീവനക്കാര്‍ ജാഗ്രതയോടും വേഗത്തിലും കാര്യങ്ങള്‍ കൈകാര്യം ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിയന്ത്രണവിധേയമാക്കി'', ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
ഈ ആഴ്ച സമാനമായ മറ്റൊരു സംഭവവുമുണ്ടായിരുന്നു. എയര്‍ ചൈന വിമാനത്തിന്റെ ഓവര്‍ഹെഡ് കംപാര്‍ട്ട്മെന്റില്‍ സൂക്ഷിച്ചിരുന്ന ലിതിയം ബാറ്ററിക്ക് തീപിടിച്ചു. ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം.